ഉമേച്ചി ഞെട്ടിയോ?
“നീ എവിടുന്നാ?”
“ഞാന്‍ തൃശ്ശുരില്‍ നിന്നാ. ഞാന്‍ മെഡിക്കല്‍ കോളേജിന്റെ അടുത്ത് ബസ്സ് ഇറങ്ങി. ഉമേച്ചിയുടെ വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞ് താ. ഞാന്‍ വരട്ടെ, വിശക്കുന്നു”
ഉമേച്ചി വീണ്ടും ഞെട്ടിയോ?
ഞെട്ടലോ നിര്‍വ്വികാരതയോ അറിയില്ല, അത് ഫോണില്‍ക്കൂടി തിരിച്ചറിയാന്‍ ഈ ലേഖകനും കഴിഞ്ഞില്ല. എന്തിരുന്നാലും യാന്ത്രികമായി ഉമേച്ചി പറഞ്ഞ് തന്ന വഴിയിലൂടെ ഒരു ഓട്ടോയില്‍ നമ്മുടെ കഥാനായകന് ഫോണിന്റെ മറ്റേ തലയ്ക്കലെത്തി. ഗേറ്റില്‍ തന്നെ നിന്നിരുന്നു ഉമേച്ചി സ്വീകരിക്കാന്‍.
പ്രസ്തുത കഥാനായകനും കഥാനായികയും ഒരു നിമിഷം പോലും പാഴാക്കാതെ പരദൂഷണം തുടങ്ങി. താന്‍ നേതൃത്വം കൊടുക്കുന്ന ഇന്ത്യന്‍ ബ്ലോഗര്‍ ലോബിയെക്കുറിച്ചും അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ഉമേച്ചി വാചാലയായപ്പോള്‍ ബ്ലോഗിങ്ങിലേയ്ക്ക് പുതുതായി (അവിവാഹിതകളായ) പെണ്‍കുട്ടികള്‍ വരാത്തതിനെക്കുറിച്ചും സ്വന്തം ഇമേജ് കാത്ത് സൂക്ഷിക്കുന്നതിനു ചിലവഴിക്കപ്പെടുന്നതുമായ ഇല്ലാത്ത ഊര്ജ്ജത്തെക്കുറിച്ചുമായിരുന്നു കഥാനായകന്റെ ആശങ്ക. മൂന്ന് മണിക്കൂര്‍ ഈ കൂലംകഷമായ കൊച്ചുവര്‍ത്തമാനത്തിന്റെ ഇടയില്‍ ചിലവായിപ്പോയി.
ഉടന്‍ തന്നെ സ്വന്തം ബോധം വീണ്ടെടുത്ത രണ്ടുപേരും പരിപാടിയിലെ അടുത്ത ഇനത്തിലേയ്ക്ക് കടന്നു. ദുര്‍ഗ്ഗയുടെ കല്യാണത്തിന് സമയത്തിനെത്തേണ്ടതാണ്. പത്തരയ്ക്കും പതിനൊന്നരയ്ക്കുമിടയിലാണ് മുഹൂര്‍ത്തം. കുളിച്ചൊരുങ്ങലും പ്രാതലും ഒക്കെ കഴിഞ്ഞ് ഒന്പതേമുക്കാലായപ്പോഴേക്കും “ചലോ ദുര്‍ഗ്ഗാ മാര്യേജ്” എന്ന മൂന്നാം ഘട്ടത്തിലേയ്ക്ക് ഈ കഥ നീങ്ങി.
മണ്മറഞ്ഞ പ്രശസ്ഥ കലാകാരന് ശ്രീ പി. ഭാസ്കരന് മാഷിന്റെ അനുസ്മരണസമ്മേളനം അന്ന് തൃശ്ശൂരില്‍ സംഘടിക്കപ്പെട്ടിരുന്നു. ഉമേച്ചിക്ക് രാവിലെ ഒന്നവിടെ മുഖം കാണിക്കണമെന്നുണ്ടായിരുന്നു. അതുകൊണ്ട് ആദ്യം അങ്ങോട്ട് എന്ന് ഉമേച്ചി, ഡ്രൈവറായ ഈനാശുവേട്ടന് ഓര്‍ഡര്‍ കൊടുത്തു.
അവിടെ ഒരുക്കങ്ങളൊക്കെ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഉമേച്ചി തന്റെ ഉറ്റ സുഹൃത്തിനെ പരിചയപ്പെടുത്തി. ശ്രീമതി ഷീബ ജോണ്‍. ഉമേച്ചിയെപ്പോലെത്തന്നെ വാക്കുകളില്‍ നര്‍മ്മവും പ്രവര്‍ത്തിയില്‍ പ്രസരിപ്പും കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിത്വം. ഉമേച്ചിയെപ്പോലെത്തന്നെ അന്‍പതാം വയസ്സിലും, (സോറി ഉമേച്ചി, അറിയാതെ പറഞ്ഞ് പോയതാ, തിരുത്തിയേക്കാം), എനിക്കറിയാന്‍ പാടില്ലാത്ത വയസ്സിലും വളരെ സജീവമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. അവരുമായി ഉമേച്ചി കാര്യപരിപാടികളെക്കുറിച്ച്
.jpg)
ഒരുപണിയുമില്ലാതെ ഈ ചെക്കന് കറങ്ങി നടക്കുന്നതുകണ്ട വനിതാ രത്നങ്ങള്‍ അലറി “വായിവിടെ”. “ഈ കാണുന്ന പൂക്കള്‍ ഒക്കെ പിച്ചിപ്പറിച്ച് ഇതള്‍ മാത്രമെടുത്ത് വയ്ക്കണം. മഞ്ഞപ്പൂക്കള്‍ ഈ പായ്ക്കറ്റിലും ഓറഞ്ച് പൂക്കള്‍ ഇതിലും”. ഞാനാരാ മോന്. പിച്ചിപ്പറിച്ച് പൂക്കള്‍ തോന്നിയപോലെ ആ പായ്ക്കറ്റുകളില്‍ ഇട്ട് അവര്‍ക്ക് ഇരട്ടിപ്പണിയാക്കി, പൂക്കള്‍ പിച്ചിയിടുകയും വേണം, ഞാന്‍ തെറ്റിച്ചിട്ട പൂക്കള്‍ എടുത്ത് മാറ്റുകയും വേണം. എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ.
അത്യാവശ്യമിനുക്കുപണികളൊക്കെ കഴിഞ്ഞ് വീണ്ടും കല്യാണത്തിനായി പുറപ്പെടുമ്പോള്‍ സമയം 10.20. മുഹൂര്‍ത്തത്തിന് ഇനി വെറും പത്ത് മിനുട്ട് മാത്രം. തൃശ്ശൂരില്‍ നിന്ന് അങ്കമാലിയും കഴിഞ്ഞ് കാഞ്ഞൂര്‍ വരെ എത്തേണ്ടതാണ്.
“ഈനാശുവേട്ടാ, ഉദ്ദേശം എപ്പോള്‍ എത്തും നമ്മള് അവിടെ?”
“ഈ ട്രാഫിക്ക് വച്ച് നോക്കിയല്, ഒരു പന്ത്രണ്ട് മണിയോളമാകും എന്ന് തോന്നുന്നു”.
“തൃപ്തിയായി!” (ഉമേച്ചിയും ഞാനും ഒന്നിച്ച്)
ഉടന്‍ തന്നെ പൊന്നപ്പന് the Alien നെ വിളിച്ചു. അദ്ദേഹവും എറണാകുളത്ത് നിന്ന് പുറപ്പെടുന്നതേയുള്ളൂ. ഒരു കൂട്ട് കിട്ടി. അടുത്തതായി പച്ചാളത്തിനെ വിളിച്ചു, ലവന് പുറപ്പെട്ടു കഴിഞ്ഞു എന്ന് മറുപടി. ഹാവൂ ആശ്വാസമായി, ബ്ലോഗ് ലോകത്ത് നിന്ന് ഒരാളെങ്കിലും മുഹൂര്‍ത്ത സമയത്ത് അവിടെ ഉണ്ടാകുമല്ലോ.
വണ്ടി തൃശ്ശൂര്‍-എറണാകുളം നാഷണല്‍ ഹൈവേയിലൂടെ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. ഇപ്പോള്‍ സമയം ഉദ്ദേശം പതിനൊന്നേകാല്‍. എന്റെ ഫോണ്‍ ശബ്ദിച്ചു. മറുതലയ്ക്കല്‍ കൂടോത്രം കത്രീന.
കൂ.ക: “നീ എവിടെയാ?”
ശ്രീ: “ഞാന്‍ അങ്ങോട്ട് വരുന്ന വഴിയാ. ഉടനെത്തും. വണ്ടി പറപ്പിച്ചോണ്ടിരിക്കുവാ. അവിടെ എന്തായി സ്ഥിതി?”
കൂ.ക: “ഓഹ്. ഇനി പതുക്കെ ഒക്കെ വന്നാല്‍ മതി. താലികെട്ട് കഴിഞ്ഞു”
ശ്രീ: “സമാധാനമായി. വിവാഹം നല്ല രീതിയില്‍ നടന്നല്ലോ. ദൈവത്തിനു സ്തുതി”
കൂ.ക: “ദേ, ഇവിടെ സദ്യ തുടങ്ങാന്‍ പോണു”
ശ്രീ: “ഈനാശുവേട്ടാ, വണ്ടി വേഗം വിട്ടോ”
സമയം ഇഴഞ്ഞ് നീങ്ങി. കാറ് പറപറന്നു. വഴിയെക്കുറിച്ച് സംശയവും ആശങ്കയും ഒക്കെ തോന്നിത്തുടങ്ങിയ അവസരത്തില്‍ വീണ്ടും ഫോണ്‍ ശബ്ദിച്ചു. അങ്ങേത്തലയ്ക്കല്‍ പച്ചാളം. എവിടം വരെ എത്തി എന്ന പച്ചാളത്തിന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാന് എനിക്കുമായില്ല. ഫെവിക്കോളിന്റെ പരസ്യം ഉള്ള ഒരു മതില് ഉള്ള സ്ഥലം എന്ന എന്റെ മറുപടിയാണെങ്കില്‍ പച്ചാളത്തിനെ തൃപ്തനാക്കിയതുമില്ല. കുറേ നേരം ഫോണില്‍ക്കൂടി പച്ചാളം വഴി പറഞ്ഞ് തരുന്നതും, ഞങ്ങള്‍ സംശയം ചോദിക്കുന്നതും തുടര്‍ന്നു. അവസാനം “നിങ്ങള്‍ എങ്ങിനെയെങ്കിലും ഒന്ന് ഇവിടെ എത്ത് പണ്ടാരം” എന്ന് പറഞ്ഞ് പച്ചാളം ഫോണ്‍ കട്ട് ചെയ്തു. എങ്ങിനെയൊക്കെയോ ഒരു പതിനൊന്നേമുക്കാലോടെ ഞങ്ങള്‍ വിവാഹം നടക്കുന്ന അമ്പലത്തിലെത്തി.
അവിടെ ഒബിയും ചാത്തുണ്ണിയും നേരത്തേ തന്നെ ഉണ്ടായിരുന്നു. സിജു, പൊന്നപ്പന്, കൂടോത്രം കത്രീന എന്നിവരേയും പച്ചാളം എന്ന ഒറ്റയാള്‍ പട്ടാളത്തിനേയും തമ്മില്‍ പരിചയപ്പെടുത്തി ഒരു കൊച്ച് ബ്ലോഗേര്‍സ് മീറ്റ് അവിടെ ഉത്ഘാടനം ചെയ്യപ്പെട്ടു. തുടര്‍ന്ന് പ്രസ്തുത ബ്ലോഗേര്‍സ് ദുര്‍ഗ്ഗയെ ആശംസിക്കാനായി ചെന്നു.
തലേന്നത്തെ ചെറുപനിയുടെ ഫലമായി ദുര്‍ഗ്ഗയ്ക്ക് ശബ്ദം നന്നേ കുറവായിരുന്നു. എങ്കിലും ദുര്‍ഗ്ഗയുടെ സന്തോഷത്തിനും ഉന്മേഷത്തിനും അതൊരു കുറവും വരുത്തിയില്ല. ദുര്‍ഗ്ഗ രഞ്ജിത്തിനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ചിത്രങ്ങള്‍ എടുത്തു. (ബ്ലോഗേര്‍സ് ആരും ചിത്രങ്ങള്‍ എടുത്തില്ല എന്ന കാരണത്താല്‍ ചിത്രങ്ങള്‍ ഉടന്‍ ലഭ്യമല്ല. ക്ഷമിക്കൂ സഹൃദയരേ). പരിപാടിയുടെ അവസാന ഐറ്റമായ സദ്യയിലേയ്ക്ക് ബ്ലോഗേര്‍സ് ഒട്ടും അമാന്തിക്കാതെ തന്നെ കടക്കുകയുണ്ടായി. വിഭവസമൃദ്ധമായ സദ്യയും കഴിഞ്ഞ് ഓരോരുത്തരും അവരവരുടെ കര്മ്മമണ്ഡലങ്ങളിലേയ്ക്ക് തിരിച്ച്പോയതോടുകൂടി ഈ ഒരു ബ്ലോഗര്‍ വിവാഹത്തോടനുബന്ധിച്ചുണ്ടായ മീറ്റിന് തിരശ്ശീല വീണു.
ദുര്‍ഗ്ഗയ്ക്കും രഞ്ജിത്തിനും എല്ലാ ആശംസകളും. നിങ്ങളുടെ ജോടി നൂറ് നൂറ് വര്‍ഷം നിലനില്ക്കട്ടെ എന്നാത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. ബ്ലോഗില്‍ തുടര്‍ന്നും ദുര്‍ഗ്ഗയേയും, പറ്റുമെങ്കില്‍ ഇനി രഞ്ജിത്തിനേയും കാണാം എന്ന് പ്രതീക്ഷിക്കട്ടെ.